തിരുവല്ല: വീര്യം കുറഞ്ഞ മദ്യത്തിന്റെ വിപണനവിഷയത്തിൽ യുഡിഎഫാണ് തീരുമാനമെടുക്കുന്നതെന്ന് മന്ത്രി എം. ലിജു. വിഷയത്തിൽ വ്യക്തിപരമായ അഭിപ്രായത്തിനു പ്രസക്തിയില്ലെന്നും യുഡിഎഫ് എന്തു തീരുമാനിക്കുന്നുവോ അത് അംഗീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ഏതു മദ്യവില്പന ആയാലും എക്സൈസ് വകുപ്പ് അറിഞ്ഞിരിക്കണം. എന്നാൽ, ബജറ്റിലെ നിർദേശം എക്സൈസ് മന്ത്രി അറിയണമെന്നില്ല.
വീര്യം കുറഞ്ഞ ബക്കാഡി മദ്യം സംസ്ഥാനത്ത് ആദ്യമിറക്കിയത് എൽഡിഎഫ് സർക്കാരാണ്. അതു സൈനിക കാന്റീനുകൾ മുഖേന വിൽക്കുന്നുണ്ട്. വി.എം. സുധീരൻ പറഞ്ഞത് അദ്ദേഹത്തിന്റെ അഭിപ്രായമാണെന്നും എം. ലിജു പറഞ്ഞു.
യുഡിഎഫിൽ ഭിന്നതയില്ലെന്ന്
മദ്യനയവുമായി ബന്ധപ്പെട്ട് യുഡിഎഫിൽ ഭിന്നതയില്ലെന്ന് മന്ത്രി ഷിബു ബേബി ജോൺ. വീര്യം കുറഞ്ഞ മദ്യം വിൽക്കണമോ വേണ്ടയോ എന്നതു സംബന്ധിച്ച് യുഡിഎഫ് തീരുമാനമെടുക്കുമെന്നാണ് മുഖ്യമന്ത്രി വി.ഡി. സതീശൻ നിയമസഭയിൽ പറഞ്ഞത്. വീര്യം കുറഞ്ഞ മദ്യത്തിന്റെ തീരുവയെ സംബന്ധിച്ച് എക്സൈസ് മന്ത്രി എന്തെങ്കിലും എതിരഭിപ്രായം പറഞ്ഞതായി താൻ കണ്ടില്ല.
യുഡിഎഫിലും മന്ത്രിസഭയിലും ഭിന്നതയുണ്ടെന്ന് വരുത്താനുള്ള ശ്രമമാണ് ഒരു വിഭാഗം നടത്തുന്നത്. യുഡിഎഫ് എന്തു തീരുമാനിക്കുന്നുവോ അതായിരിക്കും സർക്കാരിന്റെ മദ്യനയമെന്നും ഷിബു ബേബി ജോൺ പറഞ്ഞു.
നിയമസഭയിൽ വരുംമുമ്പേ പാർട്ടിയിലും യുഡിഎഫിലും ചർച്ച
ചെയ്യണമായിരുന്നു: വി.എം. സുധീരന്
തൃശൂർ: വീര്യം കുറഞ്ഞ മദ്യത്തിനു നികുതി കുറയ്ക്കാനുള്ള തീരുമാനം സംബന്ധിച്ചു നിയമസഭയിൽ പ്രപ്പോസൽ വരുന്നതിനുമുമ്പേ പാർട്ടിയിലും യുഡിഎഫിലും ചർച്ച ചെയ്യേണ്ടതായിരുന്നുവെന്നു മുതിർന്ന കോൺഗ്രസ് നേതാവ് വി.എം. സുധീരന്. തുടർന്നു നയത്തിനു രൂപം കൊടുത്തിരുന്നെങ്കിൽ പ്രശ്നങ്ങൾ ഇല്ലാതാകുമായിരുന്നു. ഫിനാൻസ് ബിൽ അവതരിപ്പിക്കുമ്പോൾ ഈ പ്രപ്പോസൽ ഒഴിവാക്കണമെന്നും സുധീരൻ ആവശ്യപ്പെട്ടു. സർക്കാരിന്റെ മദ്യനയത്തിൽ സുധീരൻ നേരത്തേ അതൃപ്തി പ്രകടിപ്പിച്ചിരുന്നു.
സർക്കാരിന്റെ വിശ്വാസ്യതയ്ക്കു മങ്ങലേല്പിക്കുന്ന തീരുമാനം ഉണ്ടാകാൻ പാടില്ല. സുതാര്യത നിലനിർത്തി, നേരേചൊവ്വേ കാര്യങ്ങൾ തുറന്നുപറഞ്ഞ് വിവാദങ്ങൾ ഇല്ലാതെ മുന്നോട്ടുനീക്കേണ്ടിയിരുന്നു. മയക്കുമരുന്നിന്റെ കാര്യത്തിൽ ആഭ്യന്തരവകുപ്പ് നന്നായി പ്രവർത്തിക്കുന്നുണ്ടെന്നും സുധീരൻ അഭിപ്രായപ്പെട്ടു.
വി.ഡി. സതീശൻ പ്രതിപക്ഷ നേതാവായിരിക്കുമ്പോൾ എൽഡിഫിനെ വിമർശിച്ച കാര്യങ്ങൾ ഉൾക്കൊണ്ടുതന്നെ നടപടികൾ സ്വീകരിക്കണം. നേരത്തേ പ്രതിപക്ഷം സ്വീകരിച്ച നിലപാടിൽതന്നെ ഉറച്ചുനിൽക്കണം. കരിമണൽ ഖനനനയത്തിലും അവ്യക്തത നിലനിൽക്കുന്നതായും ഖനനം ഉണ്ടാവില്ലെന്നു സർക്കാർ പ്രഖ്യാപിക്കണമെന്നും വി.എം. സുധീരൻ ആവശ്യപ്പെട്ടു.
മദ്യക്കന്പനികൾക്കു നികുതികുറയ്ക്കൽ: മുഖ്യമന്ത്രിയുടെ ആരോപണം
പച്ചക്കള്ളമെന്ന് എം.ബി. രാജേഷ്
പാലക്കാട്: മദ്യക്കന്പനികളെ സഹായിക്കാൻ എൽഡിഎഫ് നികുതി കുറച്ചുനൽകിയെന്ന മുഖ്യമന്ത്രി വി.ഡി. സതീശന്റെ ആരോപണം പച്ചക്കള്ളമാണെന്ന് മുൻ എക്സൈസ് മന്ത്രി എം.ബി. രാജേഷ്. വീര്യം കുറഞ്ഞ മദ്യത്തിനുള്ള ചട്ടഭേദഗതി കൊണ്ടുവന്നത് എൽഡിഎഫ് സർക്കാരാണെങ്കിലും നികുതി ഇളവ് നൽകാൻ തീരുമാനിച്ചിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മദ്യലോബിയുമായി നടത്തിയ ഇടപാട് കൈയോടെ പിടിക്കപ്പെട്ടപ്പോൾ അതിൽനിന്നു രക്ഷപ്പെടാൻ മുഖ്യമന്ത്രി കള്ളങ്ങളുടെ ഘോഷയാത്രയാണ് നടത്തുന്നത്.
എം.വി. ഗോവിന്ദൻ എക്സൈസ് മന്ത്രിയായിരുന്നപ്പോഴാണ് നികുതി കുറയ്ക്കാനുള്ള നീക്കം തുടങ്ങിയതെന്ന മുഖ്യമന്ത്രിയുടെ വാദം അടിസ്ഥാനരഹിതമാണ്. വീര്യം കുറഞ്ഞ മദ്യത്തിന്റെ നിർവചനം എന്താണെന്നു വ്യക്തമാക്കി ഫയൽ പുനഃസമർപ്പിക്കാൻ മാത്രമാണ് അന്ന് ആവശ്യപ്പെട്ടത്. 2022-23ലെ എൽഡിഎഫ് സർക്കാരിന്റെ മദ്യനയത്തിന്റെ ഭാഗമായാണ് ചട്ടഭേദഗതി കൊണ്ടുവന്നത്.
ഹോർട്ടി വൈൻ, ഹോർട്ടി ലിക്വർ, ലോ സ്ട്രെംഗ്ത് ആൽക്കഹോൾ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായാണ് ഇതു നടപ്പാക്കിയതെന്നും എം.ബി. രാജേഷ് കൂട്ടിച്ചേർത്തു.